തിരുവനന്തപുരം ജില്ലയിൽ ഭൂരിപക്ഷം നേടുന്ന മുന്നണി കേരളം ഭരിക്കുന്നതാണു ചരിത്രം. ഇക്കുറി ഭരണം തിരിച്ചുപിടിക്കാനൊരുങ്ങുന്ന യുഡിഎഫിനു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത് ഒരു സീറ്റ് മാത്രം. ആകെയുള്ള പതിനാലു സീറ്റിൽ പതിമൂന്നിടത്തും വിജയിച്ച എൽഡിഎഫിന് അതു നിലനിർത്തുക അത്ര എളുപ്പമല്ലെന്ന് അവർക്കും അറിയാം. വലിയൊരു തിരിച്ചു വരവിനുള്ള തയാറെടുപ്പിലാണു യുഡിഎഫ്. ബിജെപിക്ക് ആകട്ടെ ജയസാധ്യതയിൽ മുന്നിൽ നിൽക്കുന്ന മണ്ഡലങ്ങൾ ഏറെയും തിരുവനന്തപുരത്താണ്. ഇക്കാരണങ്ങളാൽ കേരളത്തിലെ ഏറ്റവും ശക്തമായ ത്രികോണപ്പോരിനു കളമൊരുങ്ങിയിരിക്കുന്നതു തലസ്ഥാന ജില്ലയിലാണെന്നു പറയാം.
സിറ്റിംഗ് എംഎൽഎമാർ വീണ്ടും
എംഎൽഎമാരുടെ മികവിനു മാർക്കിടുന്ന ജില്ലകൂടിയാണു തിരുവനന്തപുരം. 12 സിറ്റിംഗ് എംഎൽഎമാരാണു ജില്ലയിൽ മത്സരിക്കുന്നത്. ഇടതുമുന്നണിയുടെ 13 സിറ്റിംഗ് എംഎൽഎമാരിൽ ചിറയിൻകീഴിലെ സിപിഐയുടെ വി. ശശി ടേം വ്യവസ്ഥയിൽ മാറേണ്ടിവന്നു. കോടതി വിധിയിലൂടെ അയോഗ്യനായതിനാൽ തിരുവനന്തപുരത്തെ എംഎൽഎ ആന്റണി രാജുവിനും മത്സരിക്കാനായില്ല. അവശേഷിക്കുന്ന 12 പേരും വീണ്ടും മത്സരത്തിനുണ്ട്. നെടുമങ്ങാട് സിപിഐയുടെ മന്ത്രി ജി.ആർ. അനിലിനെ എതിരിടുന്നതു മുൻ സിപിഐക്കാരനായ മീനാങ്കൽ കുമാറാണ്. ചിറയിൻകീഴിലാകട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആയിരുന്ന ബി.എസ്. അനൂപ് ഇക്കുറി എൻഡിഎയുടെ സ്ഥാനാർഥിയാണ്.
മുന്നണികളുടെ പ്രതീക്ഷകൾ
എൽഡിഎഫിൽ സീറ്റുകൾ സിപിഎമ്മും സിപിഐയും വീതംവച്ചെടുത്തു. കഴിഞ്ഞ തവണ ജനാധിപത്യ കേരള കോണ്ഗ്രസ് മത്സരിച്ച തിരുവനന്തപുരത്തും ജനതാദൾ-എസ് മത്സരിച്ച കോവളത്തും ഇത്തവണ എൽഡിഎഫ് സ്വതന്ത്രരാണു മത്സരിക്കുന്നത്. നെടുമങ്ങാടും ചിറയിൻകീഴും സിപിഐയും മറ്റും മണ്ഡലങ്ങളിൽ സിപിഎമ്മും മത്സരിക്കുന്നു. യുഡിഎഫിൽ തിരുവനന്തപുരത്ത് സിഎംപിയിലെ സി.പി. ജോണ് മത്സരിക്കുന്നു.
ആറ്റിങ്ങൽ ആർഎസ്പിക്കാണ്. അവശേഷിക്കുന്ന 12 മണ്ഡലങ്ങളിൽ കോണ്ഗ്രസ് മത്സരിക്കുന്നു. എൻഡിഎയിലാകട്ടെ വാമനപുരത്ത് ബിഡിജെഎസ് മത്സരിക്കുന്നു. മറ്റിടങ്ങളിൽ ബിജെപിയാണു മത്സരിക്കുന്നത്. വർക്കലയിൽ ബിഡിജെഎസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചെങ്കിലും പിന്നീട് സിപിഎമ്മിൽനിന്നു രാജിവച്ചെത്തിയ സ്മിത സുന്ദരേശനെ ബിജെപി ടിക്കറ്റിൽ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
എംഎൽഎമാരുടെ മികവിനു പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. ടേം വ്യവസ്ഥകളൊന്നും നോക്കാതെ എല്ലാവരെയും വീണ്ടും മത്സരിപ്പിക്കുകയാണു സിപിഎം. ശബരിമല വിഷയം കത്തിക്കയറുമെന്ന് അറിയാമായിരുന്നിട്ടും മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെവരെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചു. സുരേന്ദ്രനെ മാത്രം മാറ്റി നിർത്തിയാൽ അതും ദോഷമാകുമെന്ന ചിന്തയിലാണ് അദ്ദേഹത്തിനു വീണ്ടും സ്ഥാനാർഥിത്വം നൽകിയത്. ബിജെപി ശക്തമായ മത്സരമുയർത്തുന്ന കഴക്കൂട്ടത്ത് സുരേന്ദ്രനേക്കാൾ മികച്ച മറ്റൊരു സ്ഥാനാർഥി സിപിഎമ്മിനില്ല.
പഴയ പ്രതാപത്തിലേക്കു മടങ്ങിവരാനാകുമെന്ന പ്രതീക്ഷ വച്ചുപുലർത്തുകയാണു യുഡിഎഫ്. ജില്ലയിലെന്പാടും അവർ കടുത്ത മത്സരമാണു കാഴ്ചവയ്ക്കുന്നത്. ബിജെപിയാകട്ടെ ഏതാനും മണ്ഡലങ്ങളിൽ മികച്ച വിജയപ്രതീക്ഷ വച്ചു പുലർത്തുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ, കാട്ടാക്കട എന്നീ അഞ്ചു മണ്ഡലങ്ങളിൽ ബിജെപി ഒന്നാമതെത്തി. ഇവിടെയെല്ലാം ഇക്കുറി വിജയം എന്ന ഒറ്റ ലക്ഷ്യവുമായാണ് ബിജെപി കളത്തിലുള്ളത്.
ശ്രദ്ധാകേന്ദ്രമായി നേമം
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി. ശിവൻകുട്ടി പൂട്ടിച്ച ബിജെപിയുടെ നിയമസഭയിലെ അക്കൗണ്ട് വീണ്ടും തുറക്കുമെന്നുറപ്പിച്ചാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തു മത്സരിക്കുന്നത്. ഇരട്ടപ്പൂട്ടാണെന്നും വീണ്ടും തുറക്കാനാകില്ലെന്നും സിപിഎമ്മിനു വേണ്ടി വീണ്ടും മത്സരിക്കുന്ന വി. ശിവൻകുട്ടി പറയുന്പോൾ, ഇതിലും വലിയ താഴിട്ടു പൂട്ടിയ തിരുവനന്തപുരം കോർപറേഷനിലെ പൂട്ട് തുറന്നില്ലേയെന്നു രാജീവ് ചന്ദ്രശേഖർ ചോദിക്കുന്നു. കെ.എസ്. ശബരീനാഥിനെ സ്ഥാനാർഥിയാക്കിയതോടെ തങ്ങളും ഗൗരവത്തോടെ തന്നെയാണെന്നു യുഡിഎഫും പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത മത്സരമാണ് നേമത്ത് അരങ്ങേറുന്നത്. ശബരീനാഥൻ പിടിക്കുന്ന വോട്ടുകളായിരിക്കും ഇത്തവണ നേമത്തെ ജയ-പരാജയങ്ങൾ നിശ്ചയിക്കുന്നത്.
വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെ രംഗപ്രവേശത്തോടെ മത്സരം കടുത്തു. മണ്ഡലം നിലവിൽ വന്ന 2011 മുതൽ രണ്ടു തവണ വിജയിച്ച ചരിത്രമുള്ള മുരളീധരൻ മണ്ഡലം തിരിച്ചുപിടിക്കുമെന്നുറപ്പു പറയുന്പോൾ സിറ്റിംഗ് എംഎൽഎ വി.കെ. പ്രശാന്തും മണ്ഡലം നിറഞ്ഞുനിൽക്കുകയാണ്. ബിജെപി സ്ഥാനാർഥി മുൻ ഡിജിപി ബി. ശ്രീലേഖ കൂടിയായതോടെ വട്ടിയൂർക്കാവും കടുകട്ടി മത്സരമാണു നേരിടുന്നത്.
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും ബിജെപി സ്ഥാനാർഥിയായ മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിനിടയിലേക്ക് കോണ്ഗ്രസിന്റെ ടി. ശരത്ചന്ദ്ര പ്രസാദ് കൂടി കടന്നു വന്നതോടെ മത്സരം പ്രവചനാതീതമായി. കാട്ടാക്കടയിൽ ബിജെപിയുടെ പി.കെ. കൃഷ്ണദാസ് നാലാം തവണയും മത്സരരംഗത്തു വന്നിരിക്കുന്നതു തികഞ്ഞ പ്രതീക്ഷയിലാണ്.
ചിറയിൻകീഴിൽ രമ്യ ഹരിദാസിന്റെ വരവോടെയാണു കഴിഞ്ഞ തവണത്തെ സ്ഥാനാർഥി ആയിരുന്ന ബി.എസ്. അനൂപ് ബിജെപിക്കൊപ്പം പോയത്. രമ്യയുടെ സ്ഥാനാർഥിത്വത്തോടുള്ള എതിർപ്പൊക്കെ ഇല്ലാതായിട്ടുണ്ട്. ഇടതുകോട്ടയായ ഇവിടെ മികച്ച മത്സരം കൊടുക്കാൻ രമ്യക്കു കഴിയുമോ എന്നതാണ് ഏവരും ഉറ്റുനോക്കുത്.
സിഎംപിയുടെ ഏക സ്ഥാനാർഥിയും യുഡിഎഫിന്റെതന്നെ മുതിർന്ന നേതാവുമായ സി.പി. ജോണിന് ഇത്തവണയെങ്കിലും ഭാഗ്യം തെളിയുമോ എന്നും കേരളം ഉറ്റുനോക്കുകയാണ്. സിറ്റിംഗ് എംഎൽഎ ആന്റണി രാജുവിന്റെ അഭാവത്തിൽ എൽഡിഎഫ് സ്വതന്ത്രനായി നടൻകൂടിയായ സുധീർ കരമനയാണു മത്സരിക്കുന്നത്. ബിജെപിയാകട്ടെ അവരുടെ സിറ്റി ജില്ലാ പ്രസിഡന്റായ കരമന ജയനെ മത്സരിപ്പിക്കുന്നു. ഇവിടെയും ത്രികോണമത്സരം കൊഴുക്കുകയാണ്.
ഇവിടെ ആരു ജില്ല പിടിക്കും എന്നാണു രാഷ്ട്രീയകേരളം ഉറ്റു നോക്കുന്നത്. അവർ കേരളം പിടിക്കുമെന്ന പാരന്പര്യം ജില്ല കാത്തൂസൂക്ഷിക്കുമോ എന്നും കാത്തിരുന്നു കാണാം.